പരിന്ദേ: ഇഷ ഷേത്ത്
അലൈവ്ലിഹുഡ്: വിദ്യാഭ്യാസം
പ്രദേശം: ദേദിയപാട, ഗുജറാത്ത്
"എന്റെ കുട്ടിക്കാലം മുതൽ ഞാൻ ബാലസേനയുടെ ഭാഗമായിരുന്നു. അവിടെ നിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു- എന്റെ ബാലാവകാശങ്ങളെ കുറിച്ച് മനസ്സിലാക്കി അവ ജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാനും, സ്വയം തീരുമാനങ്ങൾ എടുക്കാനും ഞാൻ പഠിച്ചത് അവിടെ നിന്നായിരുന്നു."
– ഇഷ ഷേത്ത്
ആരണ്യക് എന്ന പ്രൊജക്റ്റിലൂടെ സ്വയം രൂപകൽപ്പന ചെയ്ത പഠനം എന്ന ആശയം വഴി ആദിവാസി വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണ് ഇഷ ഷേത്ത്. 21-ആം വയസ്സിൽ ആ വലിയ പ്രൊജക്റ്റിന് ചുക്കാൻ പിടിക്കാൻ ഇഷയെ പ്രാപ്തയായത് മാതാപിതാക്കളുടെ സംഘടനയായ ശൈശവിൽ നിന്നായിരുന്നു. ശൈശവ് എന്ന സംഘടനയിൽ നിന്ന് ആരണ്യകിലേക്കുള്ള ഇഷയുടെ ജീവിത യാത്ര തന്റെ ചിന്തകളുടെ പരിവർത്തനത്തിന് കൂടെ സാക്ഷ്യം വഹിക്കുന്നയൊന്നായിരുന്നു.
ഇഷ ഗുജറാത്ത് സ്വദേശിനിയാണ്. മാതാപിതാക്കളായ ഫാൽഗുനിന്റെയും പാറുളിന്റെയും സംഘടനയായ 'ശൈശവ്‘ ലായിരുന്നു ഇഷ ബാല്യകാലം കൂടുതലായും ചിലവഴിച്ചിരുന്നത്. ബാലാവകാശത്തിലൂടെ കുട്ടികളുടെ ശാക്തീകരണം നടപ്പിലാക്കാം എന്ന ആശയമാണ് സംഘടന വെച്ചിരുന്നത്. ഗുജറാത്തിലെ ഭാവ്നഗർ എന്ന ജില്ലയിലെ ചേരികളിലായിരുന്നു എൻ.ജി.ഒ പ്രവർത്തിച്ചിരുന്നത്. ചേരി-ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളായ ബാല വേല, ശൈശവ വിവാഹം, ലിംഗ വിവേചനം, ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം തുടങ്ങിയവയിൽ നിന്ന് കുട്ടികളെ പുറത്ത് കൊണ്ടുവരാനാണ് ശൈശവ് ശ്രമിച്ചിരുന്നത്. കുട്ടികളുടെ സ്വതന്ത്ര്യ കൂട്ടായ്മയായ ബാലസേന ശൈശവിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് . ബാലസേന എന്ന കൂട്ടായ്മ കുട്ടികളുടെ ഉള്ളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ലായിരുന്നു. ഇരുപത്തഞ്ചു വർഷംകൊണ്ട് പതിനാലായിരത്തോളം കുട്ടികളെ ശൈശവിന്റെ പ്രവർത്തനത്തിലൂടെ സ്കൂളുകളിൽ ചേർക്കാൻ കഴിഞ്ഞതിൽ ബാലസേന വലിയ പങ്ക് വഹിക്കുന്നുണ്ട്. ബാലവേല വളരെ സജീവമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു ഭാവ്നഗറിലെ ചേരികൾ. പക്ഷേ, വർഷങ്ങൾക്കിപ്പുറം ശൈശവിന്റെ കണക്കുകൾ പ്രകാരം എൺപത്തിയേഴ് ശതമാനത്തോളം അതിന് കുറവുണ്ടായിട്ടുണ്ട്. അതിനോടൊപ്പം തന്നെ ഗുജറാത്തിലുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധി എൻ.ജി.ഒ.കൾ ശൈശവിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്താറുണ്ട്. ശൈശവിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാന ഘടകം കുട്ടികളുടെ ശാക്തീകരണത്തിനായി അവർ മുന്നോട്ട് വെയ്ക്കുന്ന മാർഗങ്ങളാണ്. വളരെ കൗതുകം നിറഞ്ഞ കളികളും പാട്ടുകളും ഒപ്പം വിപുലവും രസകരവുമായ പഠന സാമഗ്രികളും ശൈശവിന്റെ വിഭവ കേന്ദ്രത്തിന്റെ മുതൽക്കൂട്ടാണ്. മേൽപ്പറഞ്ഞ ശൈശവിന്റെ അടയാളങ്ങളെല്ലാം തന്നെ ആരണ്യക് എന്ന പദ്ധതിയിലും കാണാൻ സാധിക്കും. കാരണം ശൈശവിലെ അനുഭവങ്ങളെല്ലാം അത്രമേൽ ആഴത്തിലാണ് ഇഷയുടെ ഉള്ളിൽ പതിഞ്ഞിരിക്കുന്നത്. "ബാലസേനയിലെ ജീവിതമാണ് എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ പഠിപ്പിച്ചത്. " - ഇഷ കൂട്ടിച്ചേർത്തു.
"സ്വരാജിൽ എത്തിയതിന് ശേഷം ഞാൻ ആ സ്ഥലവുമായി പ്രണയത്തിലായി. രണ്ട് വർഷക്കാലം കൊണ്ട് അവിടെ നിന്ന് ലഭിച്ച ഏറ്റവും വലിയ സമ്മാനമായി ഞാൻ കരുതുന്നത് എന്നെ കുറിച്ച് എനിക്ക് കൂടുതൽ മനസ്സിലാക്കാൻ പറ്റി എന്നതാണ്. എന്തൊക്കെയാണ് എന്റെ മൂല്യങ്ങൾ, എന്തൊക്കെയാണ് എന്റെ വിശ്വാസങ്ങൾ, എനിക്ക് എങ്ങനെ പഠിക്കാനാണ് ഇഷ്ടം എന്നിങ്ങനെയുള്ള കാര്യങ്ങൾ." - ഇഷ
പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം ഭാവി പദ്ധതികളെക്കുറിച്ച് ആകുലപ്പെട്ടിരുന്ന സമയത്താണ് ഇഷ രാജസ്ഥാനിലെ ഉദയ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വരാജ് യൂണിവേഴ്സിറ്റിയെപ്പറ്റി അറിയുന്നത്. സ്വരാജ് യൂണിവേഴ്സിറ്റി എന്നത് സ്വയം രൂപകൽപ്പന ചെയ്ത പഠനം സാധ്യമാക്കുന്ന ബദൽ സർവ്വകലാശാലയാണ്. അവിടെയുള്ള രണ്ട് വർഷത്തെ ജീവിതവും പഠനവുമെല്ലാം ഇഷയ്ക്ക് നൽകിയത് സ്വയം മനസ്സിലാക്കാനുള്ള ജീവിതാനുഭവങ്ങളായിരുന്നു. ചുറ്റിനുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ നെയ്യുന്നതിനും തന്റെ ഉള്ളിലുള്ള വിശ്വാസങ്ങളെയും മൂല്യങ്ങളെയും ശക്തിപ്പെടുത്തുന്നതിനും സ്വരാജിന് സാധിച്ചിട്ടുണ്ടെന്ന് ഇഷ കരുതുന്നു. അതിനോടൊപ്പം തന്നെ ഒരുപാട് നല്ല സുഹൃത്ത് ബന്ധങ്ങളും ഇഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത് സ്വരാജിൽ നിന്നായിരുന്നു. "വളരെ കുറച്ച് ആളുകളാണ് ഒരു ബാച്ചിൽ ഉണ്ടായിരുന്നത്. പക്ഷേ, സ്വരാജിൽ ഉണ്ടായിരുന്ന സമയത്തായാലും ഇപ്പോഴായാലും എല്ലാവരും കൂടെയുണ്ട്. രാത്രി മൂന്ന് മണിക്ക് വിളിച്ചാലും ഒരു കുഴപ്പവുമില്ലാതെ എന്നോട് സംസാരിക്കുന്ന സുഹൃത്തുക്കളെ എനിക്ക് കിട്ടിയത് സ്വരാജിൽ നിന്നായിരുന്നു" - ഇഷ പറഞ്ഞു.
സ്വരാജിലെ രണ്ട് വർഷത്തെ പഠനത്തിന് ശേഷമാണ് ഇഷ ഉദയ്‌പൂരിൽ നിന്ന് ഗുജറാത്തിലെ ദേദിയപാടയിലേക്ക് 'ആരണ്യക്' എന്ന പദ്ധതി രൂപകൽപന ചെയ്യാനായി എത്തുന്നത്. ആരണ്യക് എന്നാൽ വനത്തിൽ താമസിക്കുന്നവർ എന്നാണർത്ഥം. ആദിവാസി കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയായിരുന്നു അത്. സ്വരാജിൽ നിന്നുൾക്കൊണ്ട സ്വയം രൂപകൽപ്പന ചെയ്ത പഠനവും ശൈശവിലെ ബാലസേന അനുഭവങ്ങളും ചേർത്തുവെച്ചാണ് ആരണ്യക് എന്ന പദ്ധതിക്ക് ഇഷ ജീവൻ നൽകിയത്. നിലവിൽ പതിനാല് ഗ്രാമങ്ങളിലും എട്ട് റെസിഡൻഷ്യൽ സ്കൂളുകളിലുമാണ് ആരണ്യക് പ്രവർത്തിക്കുന്നത്. അതിൽ മൂന്ന് ഗ്രാമങ്ങളിൽ രണ്ട് പഠന കേന്ദ്രങ്ങൾ - വനശാല പ്രവർത്തിക്കുന്നുണ്ട്. കുട്ടികളാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്- എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയവ. ഇരുന്നൂറ്റിനാല്പതോളം കുട്ടികൾ ഇന്ന് മേൽപ്പറഞ്ഞ പഠന കേന്ദ്രങ്ങളുടെ ഭാഗമാണ്. സ്വയം രൂപകൽപന ചെയ്ത പഠനം എന്ന പ്രക്രിയ പൂർണമായും കുട്ടികൾ ഉൾക്കൊണ്ടിട്ടില്ലെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് അതിന്റെ വിത്തുകൾ അവരുടെ ഉള്ളിൽ പാകാൻ ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്. ആരണ്യകിലെ ഫെസിലിറ്റേറ്റർസും അതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് ആരണ്യകിന്റേത്. അതിൽ ഭൂരിഭാഗം പേരും ആദിവാസി മേഖലയിൽ നിന്നുള്ള യുവതീയുവാക്കളാണ്. കുട്ടികളോടൊത്ത് പ്രവർത്തിക്കുവാൻ അതിയായ താല്പര്യം ഉള്ളതുകൊണ്ട് തന്നെ നടത്തുന്ന ചെറിയ പരിപാടികൾ പോലും അങ്ങേയറ്റം ഫലപ്രദമാക്കി മാറ്റാനും അവർക്ക് കഴിയുന്നുണ്ട്. അതിനോടൊപ്പം തന്നെ റെസിഡൻഷ്യൽ സ്കൂളുകളിലെ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ലിംഗ സമത്വത്തെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും അവബോധം നൽകാറുണ്ട്.
"ഞങ്ങൾ വന്ന സമയത്ത് കുട്ടികൾ അധികം സംസാരിക്കുകയോ സംശയങ്ങൾ ചോദിക്കുകയോ ചെയ്യാറില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾക്ക് കാണാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം അവരുടെ ആത്മവിശ്വാസത്തിലുള്ള വർദ്ധനവാണ്. ഇപ്പോൾ സംശയങ്ങൾ ഉണ്ടായാൽ ഫെസിലിറ്റേറ്ററിനോട് ചോദിക്കുകയും അവർക്ക് ഇഷ്ടപ്പെടാത്ത ആക്ടിവിറ്റികൾ ചെയ്യുമ്പോൾ മാറ്റാനായി ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. അതിനോടൊപ്പം തന്നെ എന്ത് പഠിക്കണം എന്ന് തീരുമാനം എടുക്കുന്നതിലേക്ക് വരെ കുട്ടികൾ ഉയർന്നിട്ടുണ്ട്." - ഇഷ
സ്വയം രൂപകൽപന ചെയ്ത പഠനം പോലെ തന്നെ ആരണ്യക് പ്രാധാന്യം നൽകുന്ന മറ്റൊന്നാണ് ശിശു സൗഹൃദ ഗ്രാമം. ദേദിയപാടയിലെ 14 ഗ്രാമങ്ങളിൽ ബാലസേന പോലെ കുട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുകയും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതുമാണ് ശിശു സൗഹൃദ ഗ്രാമം എന്ന ആശയത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനോടൊപ്പം തന്നെ മാതാപിതാക്കളിലേക്കും, അദ്ധ്യാപകരിലേക്കും, മുതിർന്ന ആളുകളിലേക്കും മേൽപ്പറഞ്ഞ അവബോധം ജനിപ്പിക്കാനും ആരണ്യക് ശ്രമിക്കുന്നുണ്ട്. മൂന്ന് വർഷങ്ങൾക്കിപ്പുറം ആരണ്യകിന്റെ തുടക്കകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ നിരവധി മാറ്റങ്ങൾ കുട്ടികളിൽ വന്നിട്ടുണ്ടെന്നാണ് ഇഷ വിശ്വസിക്കുന്നത്. ആ വിശ്വാസങ്ങൾ ശരിവെയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ കുട്ടികളുമായി ഇടപഴകുമ്പോൾ നമ്മൾക്ക് കാണാനും സാധിക്കും.
"മുഖ്യധാരാ വിദ്യാഭ്യാസമോ ബദൽ വിദ്യാഭ്യാസമോ ആയിക്കോട്ടെ, എനിക്ക് തോന്നിയിട്ടുള്ള കാര്യം കുട്ടികൾ പഠിക്കുമ്പോൾ സ്വാതന്ത്ര്യത്തോടെയും, അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും വേണം. ഒരു പഠന കേന്ദ്രം അതിനുള്ള ഇടം നല്കുന്നതായിരിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം കുട്ടികൾക്ക് പഠനത്തിലൂടെ ആനന്ദം ലഭിക്കണമെന്നാണ്." - ഇഷ
സ്വയം രൂപകൽപ്പന ചെയ്ത പഠനം സാധ്യമാക്കാൻ ഭാവിയിൽ സ്വന്തമായി ഒരു പഠന കേന്ദ്രം നിർമ്മിക്കാനുള്ള ലക്ഷ്യത്തിലാണ് ഇഷ. നിലവിലെ കുട്ടികളുടെ പഠന കേന്ദ്രങ്ങൾ എല്ലാം തന്നെ പ്രവർത്തിക്കുന്നത് പഞ്ചായത്ത് നൽകിയിട്ടുള്ള കമ്മ്യൂണിറ്റി ഹാളുകളിലാണ്. അനാഥരായ കുട്ടികൾക്കും, ഏക മാതാപിതാക്കളുള്ള കുട്ടികൾക്കും അഭയം നൽകുന്നൊരു അർദ്ധ റെസിഡൻഷ്യൽ സ്കൂൾ മാതൃകയിൽ പഠന കേന്ദ്രം നിർമ്മിക്കാനാണ് ഇഷ ലക്ഷ്യമിടുന്നത്. അതിനോടൊപ്പം തന്നെ കുട്ടികളുടെ കൂട്ടായ്മകൾ രൂപീകരിക്കുന്നതും ധാരാളം ശിശു സൗഹൃദ ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതും ഭാവി പദ്ധതികളുടെ ഭാഗമായിട്ടുണ്ട്. ചുരുങ്ങിയ പ്രായത്തിനുള്ളിൽ വിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടുകൾ നെയ്തെടുക്കാൻ ജീവിതാനുഭവങ്ങൾ കൊണ്ട് ഇഷയ്ക്ക് സാധിക്കുന്നുണ്ട്. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ഇഷയുടെ മുന്നോട്ടുള്ള ജീവിത യാത്രയ്ക്ക് പ്രചോദനമേകുന്നുണ്ട്. അതിനോടൊപ്പം തന്നെ ശൈശവിലൂടെ ഇരുവരും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ ഇഷയിലൂടെ ശക്തമായി പ്രതിഫലിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. ശൈശവിൽ നിന്ന് ആഴ്ന്ന് ഇറങ്ങിയ വേരുകളും സ്വരാജിൽ നിന്ന് ഏറ്റ് വാങ്ങിയ പ്രതീക്ഷയുടെ രശ്മികളും ഇഷയെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്.
ഇഷയുമായി ബന്ധപ്പെടാൻ: isha.shaishav@gmail.com
വെബ്സൈറ്റ്: https://shaishavchildrights.org/
സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യൂ:https://www.facebook.com/ShaishavChildRights/
Comments