പരിന്ദേ: മേരി ലിഡിയ
അലൈവ്ലിഹുഡ്: വിദ്യാഭ്യാസം
പ്രദേശം: കൊച്ചി, കേരളം
“ഓരോ കമ്മ്യൂണിറ്റിയും വ്യത്യസ്തമാണ് . ഒരൊറ്റ വേൾഡ് വ്യൂവിൽ കൂടി ആദിവാസി ജനവിഭാഗങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനോ അല്ലെങ്കിൽ മനസ്സിലാക്കാനോ സാധിക്കില്ല.”-
- മേരി ലിഡിയ
ആദിശക്തി സമ്മർ സ്കൂളിന്റെ സന്നദ്ധ പ്രവർത്തകയാണ് ലിഡിയ മേരി. 2014-ൽ പ്രവർത്തനമാരംഭിച്ച ദളിത്-ആദിവാസി കുട്ടികളുടെ കൂട്ടായ്മയായ ആദിശക്തിയിലേക്ക് ലിഡിയ വന്നു കയറിയത് ജീവിതത്തിൽ നടത്തിയ ഒരുപാട് സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു. ഒരു വോളന്റിയറിൽ നിന്ന് സംസ്ഥാന കോർഡിനേറ്ററായതിനപ്പുറം ആദിശക്തിയിലൂടെ ആദിവാസി ദളിത് വിദ്യാർത്ഥികൾക്ക് നിരവധി വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുന്നതിന് ലിഡിയ വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇതിനെല്ലാത്തിനുമുപരി ആറ് വർഷങ്ങൾക്കിപ്പുറവും തുടർച്ചയായി മേരി ലിഡിയ നടത്തുന്ന ശക്തമായ സന്നദ്ധ പ്രവർത്തനങ്ങൾ അതിജീവനത്തിന്റെ ജീവിതയാത്ര കൂടിയാണ്.
തന്റെ പഠനകാലം തൊട്ടേ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ ലിഡിയ പങ്കാളിയായിരുന്നു. അത്തരത്തിലുള്ളൊരു സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് 2015-ൽ ആദിശക്തി സമ്മർ സ്കൂളിന്റെ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ എം.ഗീതാനന്ദനെ ലിഡിയ പരിചയപ്പെടുന്നത് പിന്നീടങ്ങോട്ടാണ് ലിഡിയ ആദിശക്തിയുടെ ഭാഗമായി മാറുന്നത്. "ആറളം ഫാമിൽ വെച്ച് നടന്ന ആദിശക്തി സ്ഥാപിതമാകുന്ന ദിവസത്തെ ചർച്ചയിൽ നിന്നാണ് കേരളത്തിലെ ആദിവാസി ജനവിഭാഗത്തെ കുറിച്ച് ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നത്." - മേരി ലിഡിയ പറഞ്ഞു.
ഉള്ളിൽ നിരവധി ചോദ്യങ്ങളുമായാണ് ലിഡിയ ആദിശക്തിയിലേക്ക് കടന്ന് ചെല്ലുന്നത്, പക്ഷേ പിന്നീടുള്ള ജീവിതാനുഭവങ്ങൾ വഴി അതിനുള്ള ഓരോ ഉത്തരങ്ങളും ഉള്ളിലേക്ക് അലയടിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ആദിവാസി ജനവിഭാഗത്തിന്റെ വൈവിധ്യങ്ങൾ ലിഡിയ തിരിച്ചറിഞ്ഞത് ആദിശക്തിയിലെ വിദ്യാർത്ഥികളുമൊത്തുള്ള പ്രവർത്തനത്തിൽ നിന്നാണ്. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ജനിച്ച തന്നെ വേറിട്ട വഴി നടക്കാൻ പ്രേരിപ്പിച്ചത് യാത്രകളാണെന്നാണ് ലിഡിയ വിശ്വസിക്കുന്നത്. വെല്ലുവിളികളും പ്രതിസന്ധികളും ലിഡിയയുടെ സന്നദ്ധ പ്രവർത്തന ജീവിതത്തിന്റെ പ്രധാനപ്പെട്ട ഏടുകളായിരുന്നു. മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് വരാൻ വേണ്ടി ലിഡിയ നടത്തിയ നിരന്തരമായ ശ്രമങ്ങളും തന്റെ ജീവിത യാത്രയുടെ ഭാഗമായിരുന്നു. ലിഡിയ നിലവിൽ കേരള യൂണിവേഴ്സിറ്റിയിൽ പി.എച്.ഡി ചെയ്യുന്ന വിദ്യാർത്ഥിനിയാണ്. അതിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ സ്റ്റൈഫൻറ് ആശ്വാസമാകുന്നുണ്ടെങ്കിലും ലിഡിയയുടെ സൗഹൃദ വലയത്തിൽ നിന്ന് ലഭിക്കുന്ന മാനസികവും സാമ്പത്തികവുമായ സഹായഹസ്തങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് വെളിച്ചം വീശുന്നുണ്ട്.
വല്ലാർപാടം വികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപെട്ട മനുഷ്യരുടെ പുനരധിവാസത്തിനായി പറഞ്ഞിരുന്ന ഏഴിടങ്ങളിലൊന്ന് ലിഡിയയുടെ ജന്മസ്ഥലമായ തുതിയൂരായിരുന്നു. പദ്ധതിയുടെ ഭാഗമായിട്ട് പറഞ്ഞിരുന്ന പുനരധിവാസം നടക്കാതെ വരുകയും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ വഴിയാധാരമായതിനുമെല്ലാം ലിഡിയ ദൃക്‌സാക്ഷിയായിരുന്നു. പിന്നീടാണ് വികസനം മൂലം ഉണ്ടാകുന്ന കുടിയൊഴിപ്പിക്കലിനെ പറ്റിയുള്ള പ്രശ്നങ്ങളെ ലിഡിയ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. അവയെ കുറിച്ച് ആധികാരികമായി മനസ്സിലാക്കാൻ വേണ്ടി എം.ഫിലിന്റെ ഗവേഷണത്തിനായി 'വികസനം മൂലമുണ്ടാകുന്ന കുടിയൊഴിപ്പിക്കൽ' എന്ന വിഷയം തിരഞ്ഞെടുക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ പെരിയാർ മലിനീകരണത്തിന് എതിരെയുള്ള സമരങ്ങളിലൊക്കെയും ലിഡിയ സജീവമായി പങ്കെടുത്തിരുന്നു. പരിസ്ഥിതി മലിനീകരണത്തിന് എതിരെ നടന്നിരുന്ന ചെറുത്ത്നിൽപ്പും സമരങ്ങളുമാണ് ലിഡിയയെ പ്രകൃതിയെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന പച്ച മനുഷ്യരായ ആദിവാസികളിലേക്ക് അടുപ്പിക്കുന്നത്. പിന്നീട് അവരെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനായി ഇന്ത്യയിലെ പല ആദിവാസി മേഖലകളിലേക്കും ലിഡിയ യാത്ര നടത്തുകയും ചെയ്തു. യാത്രയിലൂടെ നേടിയ അറിവുകളും സൗഹൃദങ്ങളുമാണ് മുന്നോട്ടുള്ള ജീവിതയാത്രയുടെ ഉൾക്കരുത്തതാകുന്നതെന്നാണ് ലിഡിയ വിശ്വസിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ മൂന്ന് വർഷത്തെ എം.ഫിൽ പഠനത്തെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിട്ടാണ് ലിഡിയ നോക്കികാണുന്നത്. ലിഡിയ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് യൂണിവേഴ്സിറ്റിയുടെ സമീപത്തുള്ളൊരു ചേരിയിലെ കുട്ടികളോടൊപ്പമായിരുന്നു. രണ്ട് വർഷം കാലാവധിയുള്ള എം.ഫിൽ പഠനം മൂന്നാം വർഷത്തിലേക്ക് നീണ്ടതിന് പിന്നിലെ കാരണവും അതായിരുന്നു. ഭിക്ഷാടനവും മറ്റ് ജോലികളും ചെയ്യുന്ന നിരവധി കുട്ടികൾ ആ ചേരികളിൽ താമസിച്ചിരുന്നു. തുടക്കകാലത്ത് കുട്ടികൾക്ക് വേണ്ട താൽകാലിക ആവിശ്യങ്ങൾ നിറവേറ്റുന്നതിനായി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നീടുള്ള നിരന്തരമായ ഇടപെടലുകളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ലിഡിയ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് എന്ന തിരിച്ചറിവിലേക്ക് എത്തുന്നത്. ആ തിരിച്ചറിവ് തന്നെയാണ് മുന്നോട്ടുള്ള യാത്രയ്ക്ക് ധൈര്യം പകർന്നതും.
"കേരളത്തിന് പുറത്ത് ഫാക്ടറി സ്കൂൾ വഴി വിദ്യാഭ്യാസം നൽകി ആദിവാസി എന്ന വ്യക്തിത്വം ഇല്ലാതാക്കുമ്പോൾ കേരളത്തിനുള്ളിൽ അവരുടെ അടിസ്ഥാന അവകാശമായ ഭൂമിയും വന വിഭവങ്ങളിലുള്ള സ്വാതന്ത്ര്യവും വരെ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്." - മേരി ലിഡിയ
ആദിശക്തി സമ്മർ സ്കൂളിന്റെ പ്രസക്തി ലിഡിയ നോക്കി കാണുന്നത് കേരളത്തിനുള്ളിൽ ആദിവാസി ജനത അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് കൊണ്ടാണ്. ഭൂമിയില്ലാത്ത ആദിവാസി ജനതയെ ശാക്തീകരിക്കാനും അവരുടെ തന്നെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ലിഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.
"ഞാൻ ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ആദിശക്തി സമ്മർ സ്കൂൾ എന്ന കൂട്ടായ്മയെക്കുറിച്ച് അറിയുന്നത്. ഡിഗ്രി വരെ എത്തിയെങ്കിലും ഹയർ സ്റ്റഡീസിന് പോകണമെങ്കിൽ എവിടെയൊക്കെ അപ്ലൈ ചെയ്യണം, എന്തൊക്കെ കോഴ്സുകൾ നമുക്ക് ചൂസ് ചെയ്യാം എന്നുള്ള ധാരണ ഒന്നും എനിക്കില്ലായിരുന്നു. ആദിശക്തിയിൽ എത്തിയപ്പോൾ തൊട്ടാണ് കൃത്യം ആയിട്ടുള്ള ഒരു ഗൈഡ് ലൈൻ കിട്ടിത്തുടങ്ങിയത്. എന്റെ ഒരു ആഗ്രഹം ടീച്ചിങ് പ്രൊഫഷനാണ്. എങ്ങനെ അതിലേക്ക് എത്താമെന്ന് കൃത്യമായിട്ടുള്ള മാർഗനിർദ്ദേശങ്ങൾ തന്നത് ആദിശക്തി സമ്മർ സ്കൂളാണ്." - രജനി (ആദിശക്തിയിലെ വിദ്യാർത്ഥി)
കേരളത്തിലെ എറണാകുളം ജില്ലയിലെ തമ്മനം എന്ന പ്രദേശത്താണ് ആദിശക്തി സ്ഥിതി ചെയ്യുന്നത്. 'വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം' എന്ന മുദ്രാവാക്യത്തോട് കൂടിയാണ് ആദിശക്തി പ്രവർത്തിക്കുന്നത്. ഇൻറ്റിജെനസ് പീപ്പിൾസ് കളക്റ്റീവ് എന്ന എൻ.ജി.ഓയുടെ വിദ്യാഭ്യാസ പദ്ധതിയാണ് ആദിശക്തി സമ്മർ സ്കൂൾ. കൃഷി, വിദ്യാഭ്യാസം, സ്വയംപര്യപ്തത എന്നീ മൂന്ന് ആശയങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. ആദിശക്തി സമ്മർ സ്കൂൾ എന്നതൊരു ബദൽ സ്കൂളല്ല മറിച്ച് കേരളത്തിലെ ആദിവാസി-ദളിത് വിദ്യാർത്ഥികളുടെയൊരു കൂട്ടായ്മയാണ്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിലാണ് ആദിശക്തി രൂപീകരിക്കുന്നത്. കൊഴിഞ്ഞുപോക്ക്, മാർഗദർശനത്തിന്റെ അപര്യാപ്തത, സംവരണ സീറ്റുകളുടെ കുറവ്, ഇന്റർനെറ്റ് ഉൾപ്പെടെ പഠനമാധ്യമങ്ങളുടെ അഭാവം തുടങ്ങി വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിൽ ആദിവാസി-ദളിത് വിദ്യാർത്ഥികളെ സഹായിക്കുകയാണ് ആദിശക്തിയുടെ ലക്ഷ്യം. ആദിശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തന മേഖല വിദ്യാർത്ഥികളുടെ ഉപരിപഠന പ്രവേശനത്തിന് സഹായിക്കുകയെന്നതാണ്. 2017-ലാണ് ഇത്തരത്തിലുള്ളൊരു ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നത്. വിവിധ കോളേജുകളിലുള്ള മുന്നൂറോളം സോഷ്യൽ വർക്ക്, എൻ.എസ്.എസ് വിദ്യാർത്ഥികളെ മുൻനിർത്തിയാണ് ഹെൽപ് ഡെസ്കിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ വർഷം കഴിയുംതോറും ആദിശക്തി വഴി വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന് വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകാറുണ്ട്. പേരിന് ഏതെങ്കിലും കോളേജുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുകയല്ല ആദിശക്തി ചെയ്യുന്നത്. മറിച്ച് ഓരോ കുട്ടിയുടേയും അഭിരുചികളും താല്പര്യങ്ങളും മനസ്സിലാക്കി ഓരോ കോഴ്സുകളെ കുറിച്ച് അവബോധം നൽകിയ ശേഷമാണ് പ്രവേശന പ്രക്രിയയിലേക്ക് അവർ കടക്കുക. സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കുന്ന ജിജിൻ എന്ന ബിരുദ വിദ്യാർത്ഥിയും എം.എ സിനിമ പഠിക്കുന്ന അതുല്യ എന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും മേൽ പറഞ്ഞവയുടെ ഉത്തമ ഉദാഹരണങ്ങളാണ്. അതിനോടൊപ്പം തന്നെ എറണാകുളത്ത് പഠിക്കുന്ന കോളേജ് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് താമസിക്കാനായി രണ്ട് ഹോസ്റ്റലുകളും ആദിശക്തിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സമരങ്ങളും ആദിശക്തി മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട പഠന സാമഗ്രികളിലൊന്നാണ്. പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ആദിവാസി വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്നതിനു പരിഹാരം തേടി 2020-ൽ ആദിശക്തി നടത്തിയ സമരം സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നു. വിദ്യാഭ്യാസം എന്റെ ജന്മാവകാശമാണെന്ന് പറഞ്ഞ് വെയ്ക്കുന്നതിനോടൊപ്പം തന്നെ വിദ്യാഭ്യാസത്തിലൂടെയും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി പോരാടുന്ന വിദ്യാർത്ഥികളെ നമ്മൾക്ക് ആദിശക്തിയിൽ കാണാൻ സാധിക്കും.
ആദിശക്തിയെ മറ്റുള്ള സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് വിവിധ മേഖലകളിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഒരുപറ്റം യുവതീയുവാക്കൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഒറ്റക്കെട്ടായ പരിശ്രമമാണ്. സ്വന്തം സമുദായത്തിനുള്ളിലും മതവിശ്വാസങ്ങളുടെ ചട്ടക്കൂടിനുള്ളിലും മാത്രം നിന്ന് കൊണ്ട് പ്രവർത്തനങ്ങളിൽ ഒതുങ്ങി പോകുന്ന യുവത്വത്തിന് മാറിചിന്തിക്കാനുള്ള നേർക്കാഴ്‌ചയുടെ ഉദാഹരണം കൂടിയാകുന്നുണ്ട് ആദിശക്തി സമ്മർ സ്കൂൾ. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ആദിവാസി ജനതയിലേക്ക് എത്തിക്കുക എന്നതിലുപരി ആദിവാസി എന്ന വ്യക്തിത്വത്തിൽ സ്വയ അഭിമാനബോധം സൃഷ്ടിക്കാനും ആദിവാസി രാഷ്ട്രീയത്തിന്റെ ആശയം അവരിലേക്ക് എത്തിക്കാനും ആദിശക്തിക്ക് സാധിക്കുന്നുണ്ട്. കുട്ടികൾ നേതൃത്വം വഹിച്ച് നടത്തുന്ന മുന്നേറ്റ സമരങ്ങളും കൊച്ചിയിലെ ഭാരത് മാതാ കോളേജിൽ വെച്ച് നടത്തിയ കല സാംസ്‌കാരിക ക്യാമ്പായ 'ഒപ്പറയും' അതിന് ഉത്തമ ഉദാഹരങ്ങളാണ്.
ആദിവാസി വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ നേരിടുന്ന പ്രാഥമിക പ്രശ്നമായ ഭാഷ പ്രശ്‌നത്തെ പരിഹരിക്കുന്നതിനായി വയനാട് ജില്ലയിലെ കല്ലൂർ എന്ന പ്രദേശത്ത് പരീക്ഷണ മൾട്ടിലിങ്കുവൽ പഠന കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ വയനാട് ജില്ലയിലുള്ള വിദ്യാർത്ഥികൾ മേപ്പാടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൃഷി ഭൂമിയിൽ എല്ലാ കൊല്ലവും ഇഞ്ചി കൃഷി ചെയ്യാറുണ്ട്. കോവിഡ് കാലത്തും 'നാമൊന്റായി' എന്ന പേരിൽ സമിതി രൂപീകരിച്ച് കോവിഡ് ബാധിത ആദിവാസി ഊരുകളിൽ അവശ്യസാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു.
നിരവധി പ്രതിസന്ധികൾ നേരിട്ടാണ് ആദിശക്തി സമ്മർ സ്കൂളിന്റെ ജൈത്ര യാത്ര തുടർന്ന് കൊണ്ടിരിക്കുന്നത്. മാസശമ്പളം കൈപറ്റുന്നവരോ മറ്റ് വേതനം വാങ്ങി ജോലി ചെയ്യുന്നവരോ ആരും തന്നെ ആദിശക്തിയിലില്ല. അതുമൂലം ചിട്ടയായ പ്രവർത്തനങ്ങൾക്കൊരു വെല്ലുവിളിയാകുന്നുണ്ടെങ്കിലും ലിഡിയയുടെയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഒരുപരിധി വരെ ആ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുന്നുണ്ട്. നിലവിൽ മുപ്പതിന് മേലെ വിദ്യാർത്ഥികൾ ആദിശക്തിയുടെ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഹോസ്റ്റലിന്റെദൈനംദിന ചിലവ് നടത്തു ന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ഒരു വർഷത്തെ അഡ്മിഷൻ ഹെല്പ് ഡെസ്കിന്റെനടത്തിപ്പിനായി വൻ തോതിലുള്ള സാമ്പത്തിക സഹായവും വേണ്ടി വരുന്നുണ്ട്. നിലവിലെ സാമ്പത്തികം കണ്ടെത്തുന്നത് ആദിശക്തിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സൗഹൃദ വലയത്തിൽ നിന്നും ഓൺലൈൻ ധനസമാഹരണ വെബ്സൈറ്റായ ‘കേട്ടോ’യിൽ നിന്നുമാണ്. അത് കൂടാതെ ആദി എന്ന പേരിൽ കാട്ടിൽ നിന്ന് എടുക്കുന്ന ചെറുതേനും മറ്റുൽപന്നങ്ങളും കൊച്ചിയിലെ നഗര പ്രദേശങ്ങളിൽ വിൽക്കുന്നത് വഴി ആദിശക്തിക്ക് ചെറിയൊരു വരുമാന മാർഗമാകുന്നുണ്ട്.
ആദിശക്തി മുന്നോട്ട് വെയ്ക്കുന്നത് വളരെ വിപ്ലവകരമായ മാറ്റങ്ങളാണ്. കേരളത്തിലെ ഭൂരിഭാഗം ഗോത്ര വർഗ്ഗത്തെയും അടിമപ്പണിക്കാരാക്കി വെച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തിൽ. അവയെല്ലാം മണ്മറഞ്ഞു പോയെങ്കിലും ചില സവർണ്ണ ചിന്താഗതി വെച്ച് പുലർത്തുന്ന മനുഷ്യരുടെ ഉള്ളിൽ അതിന്റെയെല്ലാം അവശിഷ്ട വേരുകൾ ജീർണിച്ച് നിൽക്കുന്നുണ്ട്. ആദിശക്തിയുടെ ശക്തമായ സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ആ വേരുകൾ ഓരോന്നായി പിഴുതെറിയുകയാണ്. കഴിഞ്ഞ വർഷം മാത്രം ആദിശക്തി വഴി ഇരുന്നൂറ്റിയമ്പതോളം വിദ്യാർത്ഥികളാണ് കേരളമെമ്പാടും വിവിധ കോളേജുകളിൽ പ്രവേശനം ലഭിച്ചത്. അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. സ്വകാര്യ എയ്ഡഡ് കോളേജുകളിലെ എസ്.സി/എസ്.റ്റി സീറ്റ് മാനേജ്മെൻറ്റ് സീറ്റിലേക്ക് വെള്ളപൂശാൻ ശ്രമിച്ച ചില കോളേജുകൾക്ക് എതിരെയുള്ളൊരു പോരാട്ടം കൂടിയായിരുന്നു.
“ആദിശക്തി ഹെൽപ് ഡെസ്കിന്റെ ഭാഗമായിട്ട് വിവിധ കോളേജുകളിലുള്ള എം.എസ്. ഡബ്ലിയു., എൻ. എസ്. എസ്. വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ട് വന്ന് പ്രവർത്തിപ്പിക്കുന്നതിൽ ലിഡിയ വളരെ വലിയ റോളാണ് വഹിക്കുന്നത്. ആ പ്രോസസ്സ് ഇപ്പോഴും തുടർന്ന് പോകുന്നുമുണ്ട്.” - എം. ഗീതാനന്ദൻ
കഴിഞ്ഞ ആറ് വർഷക്കാലമായി ആദിശക്തി നടത്തുന്ന പ്രധാന പ്രവർത്തങ്ങളെയെല്ലാം ഏകോപിപ്പിച്ച് കൊണ്ട് പോകുന്നതിൽ ലിഡിയ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു സന്നദ്ധ പ്രവർത്തകയ്ക്കപ്പുറത്തേയ്ക് കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകാനും നേതൃത്വ സ്ഥാനത്തേയ്ക്ക് കൈപിടിച്ച് ഉയർത്താനും ലിഡിയക്ക് സാധിക്കുന്നുണ്ട്. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യപ്പെട്ടിരുന്ന ലിഡിയയെ ആദിശക്തിയിലേക്ക് എത്തിച്ചതിനു പിന്നിലും ഗോത്രവർഗ്ഗക്കാരുടെ വൈവിധ്യമാർന്ന പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതരീതിയാണ്. ആദിശക്തിയിലൂടെ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ കുട്ടികളിലൂടെ പ്രതിഫലിപ്പിച്ച് കൊണ്ട് ലിഡിയയുടെ ജീവിത യാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്.
ലിഡിയയുമായി ബന്ധപ്പെടാൻ: marylydia88@gmail.com
സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യൂ:
Comments