top of page
Writer's pictureAmal Dev M

ഗ്രാമണി: കലയും മാനവികതയും നിറഞ്ഞുനിൽക്കുന്നയിടം

പരിന്ദേ: ഷാജി ഊരാളി

അലൈവ്ലിഹുഡ്: വിദ്യാഭ്യാസം  

പ്രദേശം: പാലക്കാട്, കേരളം


ഷാജിയും സിമിതയും (ചിത്രം: അമൽ ദേവ്)

"ഗ്രാമണി എന്ന് പറഞ്ഞാൽ നമ്മൾ താമസിക്കുന്ന വീടാണ്. ഞാനും സിമിതയും അഭിനുവും താമസിക്കുന്ന വീടാണ് പ്രാഥമികമായി. അതിന്റെ കൂടെ തന്നെ ഇതൊരു കൾച്ചറൽ സ്പേസ് ആണ്." - ഷാജി ഊരാളി


ഷാജി ഊരാളി നിരവധി അനവധി വിശേഷണങ്ങളുള്ളൊരു ചെറിയ വലിയ മനുഷ്യനാണ്. ഗ്രാമണി എന്ന കൂട്ടായ്മയുടെ സ്ഥാപകൻ എന്നതിൽ ഉപരി അദ്ദേഹമൊരു അതുല്യനായ കലാകാരൻ കൂടിയാണ്. സ്വന്തം വീട് ഗ്രാമണി എന്ന പേരിൽ ആളുകൾക്ക് ഒത്തുകൂടാൻ പറ്റുന്ന സാംസ്‌കാരിക ഇടമാക്കി മാറ്റിയ ഷാജിയുടെ ജീവിത യാത്ര ഏറെ കൗതുകം നിറഞ്ഞയൊന്നാണ്. കല, വിദ്യാഭ്യാസം, ഗ്രാമീണ ജീവിതം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ഷാജി നടത്തുന്ന പ്രവർത്തനങ്ങൾ ആ കൂട്ടായ്മയുടെ സങ്കീർണതകളെ കൂടി മനോഹരമാക്കുന്നുണ്ട്.


ഗ്രാമണി എന്നാൽ ഗ്രാമത്തെ മുന്നോട്ട് നയിക്കുന്നത് എന്നാണർത്ഥം. കേരളത്തിലെ പാലക്കാട് ജില്ലയിലെ നടുവട്ടം എന്ന കൊച്ചു ഗ്രാമത്തിലാണ് ഗ്രാമണി ഭൗതികമായി നിലനിൽക്കുന്നത്. എന്താണ് ഗ്രാമണി എന്ന് ഒറ്റ വരിയിൽ പറയാൻ പ്രയാസമാണ്. ഷാജിയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ കൂടി നിൽക്കാൻ ഇഷ്ടമുള്ള ആളുകളുടെ ഒരു കൂട്ടായ്മയാണ് ഗ്രാമണി. 2006-ലാണ് ഷാജിയും ഭാര്യ സിമിതയും മകനായ അഭിനുവുമായി നടുവട്ടം എന്ന ഗ്രാമത്തിലേക്ക് താമസം മാറുന്നത്. "നടുവട്ടം എന്ന് പറയുന്ന സ്ഥലം നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റിയ രായിരനല്ലൂര്‍ മലയും തൂതപ്പുഴയും ധാരാളം കാവുകളും വിശാലമായ നെൽപ്പാടങ്ങളുമുള്ളൊരു സാധാരണ ഗ്രാമ പ്രദേശമാണ് ." - ഷാജി കൂട്ടിച്ചേർത്തു. കേരളത്തിന്റെ ഗ്രാമീണ തനിമ തുളുമ്പി നിൽക്കുന്ന ഗ്രാമ പ്രദേശങ്ങളാണ് പാലക്കാട് ജില്ലയെ മനോഹരമാക്കുന്നത്. നടുവട്ടവും അത്തരത്തിലുള്ളൊരു ഗ്രാമമാണ്. നിരവധി ഐതിഹ്യങ്ങള്‍ നിലകൊള്ളുന്നതും ചരിത്രത്തിന്റെ അവശേഷിപ്പുകൾ നിലനിൽക്കുന്നതുമായ ഇടംകൂടിയാണത്.


ഷാജി നാടക കലയിൽ തൃശൂർ ജില്ലയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. അതുകൊണ്ട് തന്നെ നാടക പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന നിരവധി സുഹൃത്തുക്കൾ ഷാജിയുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഷാജിയുടെ അടുത്ത സുഹൃത്തും സഹപാഠിയുമായ മാർട്ടിന്റെ ലാറ്റിൻ അമേരിക്കയിനിന്നുള്ള സുഹൃത്തുക്കളും അവിടേയ്ക്ക് എത്താൻ തുടങ്ങി. വരുന്ന ആളുകൾക്കെല്ലാം കലാപരമായ പശ്ചാത്തലം ഉള്ളതുകൊണ്ട് തന്നെ പാട്ടുകളും നൃത്തങ്ങളും നാടകങ്ങളും അവിടെ അരങ്ങേറാൻ തുടങ്ങി. അതിനോടൊപ്പം തന്നെ പാലക്കാടിന്റെ നാടൻ കലാരൂപമായ പൂതൻതറ കൂടെ ആളുകൾക്ക് മുമ്പിലേക്ക് പ്രദർശിപ്പിച്ചപ്പോൾ വീടൊരു സാംസ്‌കാരിക ഇടമായി മാറുകയായിരുന്നു. അവിടെ നിന്നാണ് ഗ്രാമണിയുടെ വേരുകൾ ഷാജിയുടെ ചിന്തകളിൽ ജനിക്കുന്നത്.

പിന്നീട് എല്ലാ വർഷവും മേൽപ്പറഞ്ഞ കാര്യപരിപാടികൾ അവിടെ സംഭവിക്കാൻ തുടങ്ങി. ഈ സമയത്തെല്ലാം പ്രദേശവാസികൾ ഒത്തുകൂടാറുണ്ടെങ്കിലും മതിൽകെട്ടിന് പുറത്ത് നിന്ന് അകത്തേക്ക് വരാൻ അവരാരും കൂട്ടാക്കിയില്ല. പക്ഷേ, ഇതെല്ലാം കണ്ട് വളർന്നതോടെ അഭിനു നാടകത്തിലും പല കലകളിലും താല്പര്യം പ്രകടിപ്പിക്കാൻ തുടങ്ങി. അഭിനുവിനെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ ഷാജിക്ക് താല്പര്യമില്ലായിരുന്നുവെങ്കിലും ജീവിത സാഹചര്യം കൊണ്ടും വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടും അതിനു നിർബന്ധിതനാകേണ്ടി വന്നു. അവൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരുമൊത്ത് വീട്ടിലേക്ക് വരുകയും ഷാജിയുടെ നാടക കഥകൾ കേട്ട് ചെറിയ നാടകങ്ങൾ ചെയ്യാൻ ശ്രമിക്കുകയുമുണ്ടായി. പിന്നീട് അത് കുറച്ച് കാലം തുടർന്നപ്പോൾ കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് അവരിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് നല്ല പ്രതികരണങ്ങൾ ലഭിക്കാൻ തുടങ്ങി. അവിടെ നിന്നാണ് കുട്ടികൾക്ക് നാടകത്തിലൂടെ അറിവ് പകർന്ന് നൽകുന്നയിടമായി ഗ്രാമണി മാറുന്നത്. "നമ്മുടെ കൂടെ നിൽക്കുന്ന കുറേ ആൾക്കാരുണ്ട്. പ്രമോദ് ഉണ്ട്, ബിജി ചേച്ചി ഉണ്ട്. പ്രമോദ് നാടകം ചെയ്യുന്ന ആളാണ് ബിജി ചേച്ചി ശിൽപം ചെയ്യുന്ന ആളാണ്. പിന്നെ അനീഷ് ഉണ്ട്, കാക്കു ഉണ്ട് അങ്ങനെ കുറെ പേരുണ്ട്. നമ്മൾ എല്ലാരും കൂടെ ഒത്ത് നിന്നിട്ടുണ്ടെങ്കില് നമ്മൾക്ക് കുറെ കാര്യങ്ങൾ ചെയ്യാനായിട്ട് പറ്റുമെന്നുള്ളത് നമ്മൊക്കൊരു തിരിച്ചറിവായി." - സിമിത പറഞ്ഞു.


ഗ്രാമണിയിലെ കലാപരിശീലന ക്യാമ്പിൽ കളിമണ്ണുകൊണ്ട് ശില്പങ്ങൾ നിർമ്മിക്കാനായി പരിശീലിക്കുന്ന കുട്ടികൾ (ഫയൽ ചിത്രം)

"നാടകത്തിന് വേണ്ടിയിട്ടുള്ള നാടകമല്ല ജീവിതത്തിന് വേണ്ടിയിട്ടുള്ള, ജീവിത പരിശീലനത്തിന് ഏറ്റവും സാധ്യതയുള്ളൊരു വിഷയമാണല്ലോ നാടകം എന്ന് കരുതിയിട്ട് തന്നെയാണ് നാടകം എടുത്തിട്ടുള്ളത്." - ഷാജി പറഞ്ഞു.


തൃശൂർ സംഗീത നാടക അക്കാദമിയിൽ ‘വെള്ളപ്പൊക്കത്തിൽ’ എന്ന നാടകം അവതരിപ്പിക്കുന്ന ഗ്രാമണിയിലെ കുട്ടികൾ (ഫയൽ ചിത്രം)

കല, വിദ്യാഭ്യാസം, ഗ്രാമീണ ജീവിതം എന്നീ മൂന്ന് ഘടകങ്ങളെ ചേർത്ത് വെച്ചുകൊണ്ടാണ് ഗ്രാമണിയുടെ പ്രവർത്തനങ്ങൾ. അതിൽ നാടകം എന്ന കലയെ വിദ്യാഭ്യാസം നൽകുന്നതിനുള്ള ഉപകരണമായി ഉപയോഗിച്ചു കൊണ്ടായിരുന്നു ഗ്രാമണിയുടെ തുടക്കം. 'പൊതു കിണർ' എന്ന നാടകം അതിന് ഉത്തമ ഉദാഹരമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന പൊതു സംവിധാനത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാനായി കുട്ടികളെക്കൊണ്ട് തന്നെ തയ്യാറാക്കിച്ചൊരു നാടകമായിരുന്നു അത്. നാടകം തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ട് കുട്ടികൾ പൊതു ഗതാഗത മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുകയും പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുകയും ചെയ്തു. സമൂഹത്തിൽ ഒരു പൗരൻ പൊതുയിടങ്ങളിൽ പാലിക്കേണ്ട മര്യാദകളും പൊതു സമ്പ്രദായങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും നാടകം ചർച്ച ചെയ്യുന്നുണ്ട്. നാടകത്തിന്റെ ഭാഗമായി വേദിയിൽ ഉണ്ടാകുന്ന പല സാധനങ്ങളും കുട്ടികൾ തന്നെയാണ് നിർമ്മിക്കാറുള്ളത്. നാടകങ്ങളോടൊപ്പം തന്നെ വിവിധ കലാപരമായ ക്യാമ്പുകളും ഗ്രാമണിയിൽ സംഘടിപ്പിക്കാറുണ്ട്. ചിത്രരചന, ഫോട്ടോഗ്രഫി, കളിമൺശില്പ നിർമ്മാണം, ഒറിഗാമി തുടങ്ങിയവയോടൊപ്പം തന്നെ ആയോധന പരിശീലനവും കുട്ടികൾക്ക് നൽകാറുണ്ട്. ഗ്രാമണിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല കുട്ടികളുടെ പ്രവർത്തനങ്ങൾ. കർഷക സമരം നൂറാം നാൾ കടന്നത് പ്രമാണിച്ച് തൃശൂർ സംഗീത നാടക അക്കാദമിയിൽ വച്ച് നടന്ന 'കർഷകർക്ക് കലാസലാം' എന്ന പരിപാടിയിൽ അനീഷ് വി.പി. സംവിധാനം ചെയ്ത 'വെള്ളപ്പൊക്കത്തിൽ' എന്ന നാടകം കുട്ടികൾ അവതരിപ്പിക്കുകയും ഏറെ പ്രശംസകൾ നേടുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ ഉപേക്ഷിക്കപ്പെട്ട വളർത്തുനായയുടെ കഥയായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ഗ്രാമണിയുടെ ശ്രദ്ധേയമായ മറ്റൊരു പരിപാടി ആയിരുന്നു ബീവാത്തു അനുസ്മരണം. നടുവട്ടം എന്ന ഗ്രാമത്തിലെ തെരുവുനായയായ ബീവാത്തു മരിച്ചതിന്റെ ഓർമ്മദിവസമാണ് 'ബീവാത്തു ഒരോർമ്മ' എന്ന അനുസ്മരണ പരിപാടി അരങ്ങേറിയത്. ഗ്രാമണിയിലെ മനുഷ്യർക്ക് ബീവാത്തു എന്ന തെരുവുനായ അവരിലൊരാളായിരുന്നു. ബീവാത്തു എന്ന തെരുവുനായയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ കേരളത്തിലെ ഒരു ഗ്രാമം ഒത്തുകൂടിയ വാർത്ത അടുത്ത ദിവസത്തെ എല്ലാ പത്രമാധ്യമങ്ങളിലും നിറഞ്ഞിരുന്നു. അനുസ്മരണ ചടങ്ങിന് പ്രധാന അതിഥിയായി എത്തിയത് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ എൻ.എ നസീറായിരുന്നു. അതിനോടൊപ്പം തന്നെ വെള്ളപ്പൊക്കത്തിൽ എന്ന നാടകം കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. മനുഷ്യരും മറ്റ് ജീവജാലങ്ങളും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളൊരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ആ അനുസ്മരണ ദിനം. "ഇതൊരു ഗ്രാമീണ ഭവനമാണ്. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരുമായി ആളുകൾ ഒത്തുകൂടാറുള്ള ഒരു വീട്. ഇവിടെ മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങൾക്കും ചെടികൾക്കും ഒരേ ആകാശമാണ്." - ഷാജി പറഞ്ഞു.


ബിജി കൊങ്ങോർപ്പിള്ളി കളിമണ്ണിൽ നിർമ്മിച്ച ബീവാത്തുവിന്റെ പ്രതിമ (ചിത്രം: അമൽ ദേവ്)

"ഊരാളി ജീവിതം ഭയങ്കരമായിട്ട് നമ്മളെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരു പക്ഷേ, ഒരു ബലം കിട്ടുന്നത്, ഒരു ധൈര്യം കിട്ടുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഊരാളി അനുഭവത്തിൽ നിന്നാണ്. കാരണം ഊരാളിയിൽ ഏറ്റവും അടിസ്ഥാനം അതിൽ കൂടി നിൽക്കുന്ന ആളുകൾ തമ്മിലുള്ള ബന്ധമാണ്." - ഷാജി പറഞ്ഞു.

ഊരാളി ബാൻഡ് (ഫയൽ ചിത്രം)

കേരളത്തിലെ പ്രശസ്തമായ സംഗീത ബാൻഡാണ് ഊരാളി. ഷാജിയാണ് ഊരാളിക്ക് വേണ്ടി പാട്ടുകൾ എഴുതുന്നത്. ഊരാളിയെ മറ്റ് ബാൻഡുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. സംഗീതം, നാടകം, കവിത, കല, പാട്ട് എന്നിവയുടെ മിശ്രിതമാണ് ഊരാളിയുടെ പാട്ടുകളെ വ്യത്യസ്തമാക്കുന്നതും അതൊരു അനുഭൂതിയായി ആളുകളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതും. പടയണി എന്ന നാടൻ കലാരൂപത്തിലെ സമകാലിക വിഷയങ്ങൾ സംസാരിക്കുന്ന 'ഊരാളി' എന്ന കഥാപാത്രത്തിൽ നിന്നാണ് ബാൻഡിന് ആ പേര് ജനിക്കുന്നത്. ആ സമാനതകൾ ഊരാളിയുടെ പാട്ടുകൾക്കുമുണ്ട്. പാട്ടുകളിലെല്ലാം ഒരു രാഷ്ട്രീയ വിഷയം ഊരാളി മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ മനുഷ്യന് വേണ്ടിയും പ്രകൃതിക്ക് വേണ്ടിയുമുള്ള സമരങ്ങളിൽ ഊരാളി ഭാഗമാകാറുണ്ട്. സമരത്തിന്റെയും പ്രതിഷേധത്തിന്റെയും പാട്ടുകളായി ആളുകളുടെ മനസ്സിൽ ഊരാളി നിറഞ്ഞു നിൽക്കുമ്പോൾ ഷാജി അതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. "കലയ്ക്ക് സമരത്തിന്റെ ഭാഗമാകാൻ പറ്റും. സമരം എന്നുള്ളത് ഉത്സവമാക്കി മാറ്റാൻ പറ്റും എന്ന നിലയ്‌ക്കൊക്കെയാണ് ഊരാളി സമരത്തിന്റെ ഭാഗമാകാറുള്ളത്. പോലീസ് ജീപ്പ് തകർക്കുന്നയിടത്തും തീ വെയ്ക്കുന്നയിടത്തും ഊരാളിക്ക് ഒന്നും ചെയ്യാനില്ല. ഊരാളിക്ക് ചെയ്യാനുള്ളത് ഇതൊന്നും ചെയ്യരുതെന്ന് പറയലാണ്." - ഷാജി


ഗ്രാമണിയിലെ അനുഭവങ്ങൾ പങ്കവെയ്ക്കുന്ന കുട്ടികൾ (ചിത്രം: അമൽ ദേവ്)

കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി പ്രതിസന്ധികൾ ഗ്രാമണി നേരിട്ടിരുന്നു. പക്ഷേ ആ സമയത്തും പരിമിതികളിൽ നിന്ന് കൊണ്ട് കുട്ടികൾ കലാപരമായ പല കാര്യങ്ങളിലും ഏർപ്പെട്ടിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ മിഠായി എന്ന ഹ്രസ്വ ചിത്രം അതിന് ഉദാഹരമാണ്. ഇപ്പോൾ കുട്ടികൾക്ക് വേണ്ടി പുതിയൊരു ബാച്ച് തുടങ്ങുന്നതിന്റെ പണിപ്പുരയിലാണ് ഷാജിയും മറ്റ് സഹപ്രവർത്തകരും. ഗ്രാമണി ആസൂത്രിതമായി സംഭവിച്ച ഒരു പദ്ധതിയല്ല. ഷാജിയുടെ ജീവിതയാത്രയിലെ ഒഴുക്കിലേക്ക് അലിഞ്ഞു ചേർന്ന ഒരിടമാണ്. ഗ്രാമണി എന്നാൽ ഗ്രാമത്തെ മുന്നോട്ട് നയിക്കുന്നത് എന്നാണർത്ഥം എന്ന് പറയുമ്പോഴും അതിലൂടെ ഷാജിയും കൂട്ടരും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ പല അതിർവരമ്പുകളും തകർത്ത് ഒരുപാട് മനുഷ്യരിലേക്ക് പടർന്നിറങ്ങുന്നുണ്ട്. കല മനുഷ്യരിൽ ഉണ്ടാക്കുന്ന മാനവികതയുടെ തിരിച്ചറിവുകൾക്ക് ഗ്രാമണിയും വെളിച്ചം വീശിക്കൊണ്ടിരിക്കുകയാണ്.


ഷാജിയുമായി ബന്ധപ്പെടാൻ: shajisurendranadh@gmail.com

സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യൂ:

Comments


bottom of page