top of page
Writer's pictureAmal Dev M

സ്വാതന്ത്ര്യത്തിന്റെ ശാല

Updated: Sep 21, 2022

പരിന്ദേയ്: പ്രണിത് സിംഹ മുലംറെഡ്ഡി

അലൈവ്ലിഹുഡ്: വിദ്യാഭ്യാസം  

പ്രദേശം: ദന്തേവാഡ, ഛത്തീസ്ഗഡ്

പ്രണിത് സിംഹ (ഫോട്ടോ: അമൽ ദേവ്)

“ഇന്ത്യയിൽ ഉടനീളം യുവജനങ്ങൾക്ക് പര്യവേക്ഷണം ചെയ്യാനായിട്ടുള്ള അറിയപ്പെടാത്ത നിരവധി പ്രദേശങ്ങളുണ്ട്. അതിന് വേണ്ടിയൊരു പ്ലാറ്റ്ഫോം സ്ഥാപിച്ചാൽ അത് ഒരേപോലെ യുവജനങ്ങൾക്കും ആ പ്രദേശത്തിനും ഗുണം ചെയ്യുന്നതായിരിക്കും. അങ്ങനെയാണ് ഞങ്ങൾ 2012-ൽ ഒരു സന്നദ്ധസേവ സംഘം പ്രവർത്തനം ആരംഭിക്കുന്നത്. അതിന്റെ പേര് ബച്പൻ ബനാവോ എന്നായിരുന്നു.”

- പ്രണിത്

പ്രണിത് സിംഹ മുലംറെഡ്ഡി ‘ബച്പൻ ബനാവോ’ എന്ന എൻ.ജി.ഒ.യുടെ സ്ഥാപകനാണ്. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് ഈ എന്‍‌.ജി‌.ഒ. സ്ഥിതിചെയ്യുന്നത്. ഗ്രാമീണ-ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് ബച്പൻ ബനാവോയുടെ പ്രധാന ലക്ഷ്യം. ആന്ധ്രാ പ്രദേശിലെ കുർണൂൽ ആണ് പ്രണിത് സിംഹയുടെ സ്വദേശം. ദന്തേവാഡയിലെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക്  വിദ്യാഭ്യാസത്തിലൂടെ  സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നൽകുന്ന പ്രണിതിന്റെ ജീവിത യാത്ര വളരെ മനോഹരമാണ്.

ആദിവാസി മേഖലകളില്‍ വൈദ്യ സേവനം നടത്തിയിരുന്ന ഡോക്ടര്‍ ദമ്പതികളുടെ സന്നദ്ധസേവകനായിട്ടാണ് 2012-ല്‍  പ്രണിത് ദന്തേവാഡയിലേക്ക് വരുന്നത്. അവരെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കർത്തവ്യം. കുട്ടികളോടൊത്ത് സമയം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രണിത് ഒഴിവ് സമയങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സയൻസ് വർക്ഷോപ്പുകൾ നടത്താറുണ്ടായിരുന്നു. അവിടെനിന്നുള്ള ജീവിതാനുഭവങ്ങളുടെ പ്രതിഫലനത്തില്‍ നിന്നാണ് ബച്പൻ ബനാവോ എന്ന സംഘടന തുടങ്ങാനുള്ള ആശയം പ്രണിതിന്റെ മനസ്സിൽ ഉടലെടുക്കുന്നത്. കാരണം, അദ്ദേഹത്തിന് ദന്തേവാഡയിലെ അനുഭവങ്ങളെല്ലാം പുതുമയുള്ളതും വ്യത്യസ്തവുമായിരുന്നു.


പ്രണിത് സപ്നോ കി ശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം (ഫയൽ ചിത്രം)

ബച്പൻ ബനാവോ എന്ന സ്ഥാപനത്തിന്റെ ഉത്ഭവം യുവതീ യുവാക്കളുടെ ഒരു സന്നദ്ധ സേവാ സംഘത്തിൽ നിന്നായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ ജനങ്ങളെ ഏകോപിപ്പിച്ച് അവരുടെ അറിവുകൾ ദന്തേവാഡയിലെ കുട്ടികൾക്ക് പകർന്ന് നൽകുക, അതോടൊപ്പം യുവജനങ്ങൾക്ക് ആ പ്രദേശത്തെ ഗ്രാഹ്യമായി മനസ്സിലാക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രണിത് ബച്പൻ ബനാവോയുടെ പ്രവർത്തനം ആരംഭിക്കുന്നത്.


ബച്പൻ ബനാവോയുടെ ആരംഭഘട്ടത്തിൽ തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ചുള്ള ധാരണകൾ വളരെ കുറവായിരുന്നു എന്ന് പ്രണിത് തുറന്ന് സമ്മതിക്കുന്നുണ്ട്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് മേല്‍പ്പറഞ്ഞ സന്നദ്ധ സേവാ പ്രവർത്തനങ്ങൾ ഒരു വർഷത്തെ ഫെല്ലോഷിപ്പ് പ്രോഗ്രാമായി മാറുന്നത്. ഫെല്ലോഷിപ്പ് ഒരു വിജയമായിരുന്നെങ്കിലും ഒരു വർഷമെന്നത് വളരെ ചുരുങ്ങിയ കാലയളവ് ആയത്കൊണ്ട് ഒരു കൂട്ടായ്മയെ വളർത്തി എടുക്കാൻ സാധിച്ചിരുന്നില്ല. അതിന് ശേഷമാണ് ഇത് ഇന്ന് കാണുന്ന ബച്പൻ ബനാവോ എന്ന പ്രസ്ഥാനമായി മാറുന്നത്. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശാക്തീകരണത്തിനാണ് ബച്പൻ ബനാവോ എന്ന എൻ.ജി.ഒ. പ്രവർത്തിക്കുന്നത്. സമത, സപ്‌നോ കി ശാല എന്നീ രണ്ട് മാതൃകാ സ്കൂളുകൾ ഈ എൻ.ജി.ഒ.യുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സമത സ്കൂൾ ആന്ധ്ര പ്രദേശിലെ കുർണൂൽ ജില്ലയിലും സപ്‌നോ കി ശാല ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. പരിമിതമായ വിഭവങ്ങൾ വെച്ച് സർക്കാർ സ്കൂളുകൾ എങ്ങനെ പ്രവർത്തിക്കണം എന്ന മാതൃകയാണ് രണ്ട് സ്കൂളുകളിലൂടെയും പ്രണിത് ലക്ഷ്യമിടുന്നത്. അതിനോടൊപ്പം തന്നെ സർക്കാർ സ്കൂളുകളുടെ പരിവർത്തനത്തിനായി അദ്ധ്യാപകർക്ക് പരിശീലനവും ബച്പൻ ബനാവോയിലൂടെ നൽകുന്നുണ്ട്.


വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച വിഷയങ്ങളെ പറ്റി ബച്പൻ ബനാവോയിൽ ചർച്ച നടത്തുന്നു (ഫോട്ടോ: അമൽ ദേവ്)

പ്രണിതിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വേരുകൾ മുളക്കുന്നത് മാതാപിതാക്കളുടെ പക്കൽ നിന്നായിരുന്നു. അച്ഛനും അമ്മയും നടത്തിയിരുന്ന അനാഥാലയത്തിലെ മുപ്പതോളം വരുന്ന കുട്ടികളോടൊപ്പമാണ് അദ്ദേഹം ജനിച്ച് വളർന്നത്. പിന്നീട് +2 പഠനം പൂർത്തിയായതിന് ശേഷമാണ് അഞ്ച് വർഷത്തെ എഞ്ചിനീയറിംഗ് ബിരുദാന്തര ബിരുദത്തിനായി പുണെയിലുള്ള ഐ.ഐ.എസ്.ഇ.ആറിലേക്ക് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) പോകുന്നത്.


അവിടെയും പ്രണിതിനെ ആകർഷിച്ചത് സാമൂഹിക പ്രവർത്തനങ്ങൾ തന്നെയായിരുന്നു. കോളേജിന്റെ പരിസര പ്രദേശങ്ങളിലായി നിരവധി ചേരികളുണ്ടായിരുന്നു. അവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രണിതും സുഹൃത്തും ചേർന്ന് ഒരു ട്യൂഷൻ സെന്റർ രൂപീകരിച്ചു. തുടക്കകാലത്ത് ഇരുവരും ചേർന്ന് നടത്തിയിരുന്ന സെന്ററിൽ രണ്ടാം വർഷം ആയപ്പോഴേക്കും മറ്റ് സഹപാഠികളും എത്തിചേരാൻ തുടങ്ങി. അങ്ങനെ അത് നാല് ചേരികളിലായി പ്രവർത്തിക്കുന്ന, നാല്പതോളം വിദ്യാർഥികളുള്ള സന്നദ്ധ സേവാ സംഘമായി മാറി. പിന്നീട് ആ സംരംഭം ദിശ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പ്രണിത് ക്ലാസ്സ്മുറിയിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ചേരിയിലെ പഠന കേന്ദ്രങ്ങളിലായിരുന്നു. കോളേജിൽ നിന്നും പുറത്ത് നിന്നും നിരവധി പ്രശംസകളും അംഗീകാരങ്ങളും പ്രണിതിനെ തേടിയെത്തി.


നഗര പ്രദേശങ്ങളിൽ എന്തെങ്കിലും ചെറിയ രീതിയിൽ സാമൂഹിക പ്രവർത്തങ്ങളിൽ ഏർപ്പെട്ടാൽതന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ഒരുപാട് ആളുകൾ പ്രശംസിക്കുകയും ചെയ്യുമെന്ന് തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രണിത് മനസ്സിലാക്കിയിരുന്നു. അതിന് സമാനമായ അനുഭവങ്ങൾ തന്നെയായിരുന്നു ദിശയിലെ പ്രവർത്തനങ്ങളിലൂടെ പ്രണിതിന് ഉണ്ടായതും.


അത്തരത്തിലുള്ള പ്രശംസകളും അനുമോദനങ്ങളും പ്രണിതിനെ ഇരുത്തി ചിന്തിപ്പിച്ചു. "ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്? ആളുകൾക്ക് ഞാൻ ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് ശെരിക്കും ഗുണം ഉണ്ടാകുന്നുണ്ടോ? അതോ എല്ലാവരും പ്രശംസിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം കൊണ്ടാണോ ഞാൻ ഇതെല്ലം ചെയ്യുന്നത്? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി. അവിടെ നിന്നായിരുന്നു എന്റെ യാത്ര തുടങ്ങിയത്." പ്രണിത് പറഞ്ഞു.


ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു അഞ്ചാം വർഷത്തിലെ ഗവേഷണ വിഷയം തിരഞ്ഞെടുക്കുന്നതിന് പകരം കോളേജ് പഠനം ഉപേക്ഷിച്ചുള്ള ദന്തേവാഡയിലേക്കുള്ള യാത്ര. ആ യാത്രയിൽ നിന്നായിരുന്നു ബച്പൻ ബനാവോ എന്ന പ്രസ്ഥാനവും സപ്‌നോ കി ശാല എന്ന സ്കൂളും രൂപപ്പെടുന്നത്.

"സർക്കാർ സ്കൂളുകളിൽ പ്രവർത്തിച്ച ശേഷം ഞങ്ങൾക്ക് വളരെ ശക്തമായി തോന്നിയത് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ അദ്ധ്യാപകർക്ക് മനസിലാക്കാൻ വേണ്ടി ഒരു മാതൃക സ്കൂൾ വേണമെന്നായിരുന്നു.." - പ്രണിത് പറഞ്ഞു.


സപ്‌നോ കി ശാല (ഫോട്ടോ: അമൽ ദേവ്)

പ്രണിത് ആറ് വർഷക്കാലം ദന്തേവാഡയിലുള്ള സർക്കാർ സ്കൂളുകളിൽ പ്രവർത്തിച്ചതിന് ശേഷമാണ് 2018-ൽ സപ്‌നോ കി ശാല എന്ന മാതൃക സ്കൂളിന് തുടക്കംകുറിക്കുന്നത്. ബച്പൻ ബനാവോ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളുടെ പ്രതിരൂപം സർക്കാർ അധ്യാപകരിലേക്ക് എത്തിക്കുക എന്നതായിരുന്നു സ്കൂളിന്റെ പ്രധാന ഉദ്ദേശം. സർക്കാർ സ്കൂളിന്റെ പരിവർത്തനത്തിന് വേണ്ടി അദ്ധ്യാപകരെ ഇന്ത്യയിലെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ സ്കൂളുകളിൽ പ്രണിത് സന്ദർശനത്തിന് കൊണ്ട് പോകാറുണ്ടായിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനുള്ള മനസ്ഥിതി അദ്ധ്യാപകർക്ക് ഉണ്ടായിരുന്നുവെങ്കിലും മാനസികമായി അവർക്ക് അതിനോട് പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. സന്ദർശിച്ചിരുന്ന സ്കൂളുകളുമായിട്ടുള്ള സാമ്പത്തിക-സാംസ്‌കാരിക പശ്ചാത്തലത്തിന്റെ അന്തരം തന്നെയായിരുന്നു പ്രധാന കാരണം. സർക്കാർ സ്കൂളുകൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ വിഭവങ്ങൾ വെച്ചായിരുന്നു. നേരെ മറിച്ച് സ്വകാര്യ സ്കൂളുകളിൽ ഉയർന്ന യോഗ്യതകളുള്ള അദ്ധ്യാപകരും മികച്ച സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നു. ദന്തേവാഡയുടെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിലുള്ളൊരു മാതൃകാ സ്കൂൾ അവർക്ക് അനിവാര്യമാണെന്ന പ്രണിതിന്റെ തിരിച്ചറിവിലൂടെയാണ് സപ്‌നോ കി ശാല ഉത്ഭവിക്കുന്നത്.

"ദന്തേവാഡ ജില്ലയിൽ ഒന്നാം ക്ലാസ്സുകളിൽ എൻറോൾ ചെയ്യപ്പെടുന്ന ആദിവാസി കുട്ടികൾ 96-98% ആണ്. അത്രയും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നത് സർക്കാരിന്റെ വൻ വിജയമാണ്. പക്ഷേ, ഭരണഘടന അനുവദിക്കുന്ന സംവരണം അവർക്ക് സാധ്യമാകുന്നത് +2 പഠനം പൂർത്തിയാക്കിയതിന് ശേഷമാണ്. ചോദ്യം എത്ര കുട്ടികൾ +2 പഠനം പൂർത്തിയാക്കുന്നുണ്ട് എന്നുള്ളതാണ്. വെറും 33% മാത്രം കുട്ടികളാണ് +2 പഠനം പൂർത്തിയാക്കുന്നത്. 60-65 ശതമാനത്തിന് മുകളിലുള്ള കുട്ടികൾ ഒന്നാം ക്ലാസ്സിനും പന്ത്രണ്ടാം ക്ലാസ്സിനും ഇടയിൽ ഡ്രോപ്പ്ഔട്ട് ആവുകയാണ്. അതിനർത്ഥം ആദിവാസി മേഖലയുടെ സാമൂഹിക ശ്രേണി ഉയർത്താനായി ഭരണഘടന നൽകുന്ന സംവരണം 60-65 ശതമാനം വരുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണ്."- പ്രണിത് പറഞ്ഞു.


സപ്‌നോ കി ശാലയുടെ മറ്റൊരു ആവശ്യകതയായി പ്രണിതിന് തോന്നിയത് ആദിവാസി വിദ്യാർത്ഥികൾക്ക് മുഖ്യധാരാ വിദ്യാഭ്യാസത്തിലുള്ള പ്രസക്തിയാണ്. കഴിഞ്ഞ പത്ത് വർഷക്കാലമായി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രണിത് പ്രവർത്തിക്കുന്നുണ്ട്. കാലങ്ങളായി കണ്ട് വരുന്ന ഓരോ പ്രശ്നങ്ങൾക്കും പിന്നിലെ അരാഷ്ട്രീയതയും അനീതിയും അദ്ദേഹം ചോദ്യങ്ങളായി മുന്നോട്ട് വെയ്ക്കുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതിലുള്ള സവർണ മേധാവിത്വം.


സപ്‌നോ കി ശാലയിലെ വിദ്യാർത്ഥികൾ കല്ലുകളിൽ ചെയ്ത പെയിന്റിംഗ് (ഫയൽ ചിത്രം)

"എ ഫോർ ആപ്പിൾ, ബി ഫോർ ബോൾ എന്ന രീതിയിലാണ് കുട്ടികൾക്ക് സ്കൂളിൽ ഇംഗ്ലീഷ് അക്ഷരമാലകൾ പഠിപ്പിക്കാറുള്ളത്. പക്ഷേ, ദന്തേവാഡയിലെ ആദിവാസി മേഖലയിലുള്ള കുട്ടികൾ സ്കൂളിലേക്ക് വരുന്നതിന് മുൻപ് ആപ്പിൾ കണ്ടിട്ട് പോലും ഉണ്ടാകില്ല."- പ്രണിത് പറഞ്ഞു. നിത്യജീവിതത്തിലുള്ള കാര്യങ്ങൾ ബന്ധിപ്പിച്ചാണ് കുട്ടികളുടെ വിദ്യാഭ്യാസ ജീവിതം തുടങ്ങുന്നത്. മുഖ്യധാര വിദ്യാഭ്യാസം കണക്കിലെടുത്താൽ പൊതുവെ പാഠ്യപദ്ധതികൾ തയ്യാറാക്കുന്നത് സവർണ ജാതിയില്‍പ്പെട്ടവര്‍ തന്നെയാണെന്ന് പ്രണിത് ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന്റെ പ്രതിഫലനം പാഠ്യ പുസ്തകങ്ങളുടെ ഉദാഹരണങ്ങളിൽ വരെ പ്രകടവുമാണ്. ആദിവാസി വിദ്യാർത്ഥികൾക്ക് നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഒന്നുംതന്നെ പാഠ്യപദ്ധതിയുടെ ഭാഗമാകാത്തത് കുട്ടികളുടെ കൊഴിഞ്ഞു പോക്കുകൾക്കുള്ള പ്രധാന ഘടകമാണെന്ന് പ്രണിത് പറഞ്ഞ് വെയ്ക്കുന്നുണ്ട്.


മേൽപ്പറഞ്ഞ പ്രശ്നത്തിനൊപ്പം ചേർന്ന് നിൽക്കുന്ന മറ്റൊരു പ്രശ്നമാണ് അയഥാർഥമായ അക്കാദമിക് കലണ്ടർ. "കുട്ടികൾക്ക് സ്കൂളുകളിൽ അവധി കൊടുക്കുന്നത് ദീപാവലി, ഹോളി, റംസാൻ, ക്രിസ്മസ് പോലെയുള്ള ആഘോഷങ്ങൾക്കാണ്. പക്ഷേ, ഇവയിൽ ഒന്നും തന്നെ ആദിവാസികൾ ആഘോഷിക്കാറില്ല." - പ്രണിത് കൂട്ടിച്ചേർത്തു. ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്ന് സ്വർണ്ണ ലിപികളിൽ പലയിടങ്ങളിൽ കൊത്തിവെച്ചിട്ടുണ്ടെങ്കിലും ആ വൈവിധ്യങ്ങൾ പലപ്പോഴും മുഖ്യധാരയിൽ ജീവിക്കുന്നവരുടെ താൽപര്യങ്ങളിൽ മുങ്ങിപോകാറുണ്ട്. ആദിവാസി വിദ്യാത്ഥികൾക്ക് അവധി നൽകേണ്ടത് വാരാവസാനമല്ല അവരുടെ ആഴ്ചചന്ത നടക്കുന്ന ദിവസമാണെന്ന് പ്രണിത് പറഞ്ഞു വെക്കുന്നതിനോടൊപ്പം തന്നെ സപ്‌നോ കി ശാലയിലൂടെ അത് പ്രയോഗികമാണെന്ന് ശക്തമായി തെളിയിക്കുന്നുകൂടിയുണ്ട്. ബുധനാഴ്ച്ച സപ്‌നോ കി ശാലയിലെ ക്ലാസ് മുറികളിൽ പഠിക്കാൻ വിദ്യാർത്ഥികളും പഠിപ്പിക്കാൻ അദ്ധ്യാപകരും ഉണ്ടാകാറില്ല. അവർ ആഴ്ച ചന്തയിലെ തിരക്കുകളിലായിരിക്കും. അടുത്ത ദിവസങ്ങളിൽ അവിടെ കണ്ട കാഴ്ചകളും അനുഭവങ്ങളും അവരവരുടെ സ്വന്തം ഗോത്രഭാഷകളിൽ പങ്ക് വെയ്ക്കുകയും ചെയ്യും.


കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന സപ്‌നോ കി ശാലയിലെ അദ്ധ്യാപകൻ (ഫോട്ടോ: അമൽ ദേവ്)

‘സപ്‌നോ കി ശാല’ എന്നാൽ ‘സ്വപ്നങ്ങളുടെ സ്കൂൾ’ എന്നാണർത്ഥം. വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ പങ്ക് എത്ര വലുതാണെന്ന ആശയം സ്കൂൾ സന്ദർശിക്കുന്ന ഓരോ മനുഷ്യരിലേക്കും അലയടിച്ചുകൊണ്ടിരിക്കും. അദ്ധ്യാപകർ വിദ്യാർത്ഥികളോളം ചെറുതാകുന്നതും വിദ്യാർത്ഥികൾ അദ്ധ്യാപകരോളം വലുതാകുന്നതും നമുക്ക് അവിടെ കാണാൻ സാധിക്കും. ഏത് ഭാഷ സംസാരിക്കണം എന്ന് തുടങ്ങി എന്ത് പഠിക്കണം എപ്പോൾ പഠിക്കണം എന്നിവ തീരുമാനിക്കുന്നത് വരെ കുട്ടികളാകുമ്പോൾ മുഖ്യധാരാ സ്കൂളുകൾ മുന്നോട്ട് വെക്കുന്ന സ്വാതന്ത്ര്യത്തിന്റെ അളവുകോൽ അവിടെ നിരാകരിക്കപ്പെടുന്നുണ്ട്.


“ഞാൻ സപ്‌നോ കി ശാല ഒരു ബദൽ സ്കൂളായിട്ട് പരിഗണിച്ചിട്ടില്ല. ബദൽ വിദ്യാഭ്യാസം എന്ന വാക്കിനോട് ഞാൻ യോജിക്കുന്നുമില്ല. കാരണം, ഇങ്ങനെ ആയിരിക്കണം വിദ്യാഭ്യാസം നൽകേണ്ടത്. പക്ഷേ, മുഖ്യധാര വിദ്യാഭ്യാസ സമ്പ്രദായത്തിൽ അത് സംഭവിക്കുന്നില്ല. സമഗ്രമായ വിദ്യാഭ്യാസം നൽകുന്ന മുഖ്യധാരാ സ്കൂളുകളാണ് ബദൽ വിദ്യാഭ്യാസം നൽകുന്നത്." - പ്രണിത് പറഞ്ഞു. പ്രണിത് സപ്‌നോ കി ശാലയിലൂടെ മുന്നോട്ട് വെയ്ക്കുന്നത് ഒരു സർക്കാർ സ്കൂൾ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് എങ്ങനെ ആയിരിക്കണം പ്രവർത്തിക്കേണ്ടത് എന്ന ആശയമാണ്. ആ ആശയം പ്രയോഗികമാക്കുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഭാവിയിൽ നിരവധി മാതൃകാ സ്കൂളുകൾ ഉണ്ടാകണം എന്ന ആഗ്രഹമാണ് അദ്ദേഹത്തിനുള്ളത്. ആ സ്കൂളുകളിൽ എല്ലാം കുട്ടികളുടെ സാമൂഹിക-സാമ്പത്തിക-സാംസ്ക്കാരിക ആവിശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾ നടത്തുകയും അതിൽ നിന്ന് നേടുന്ന അറിവുകളും മൂല്യങ്ങളും മുഖ്യധാരാ വിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പണിപ്പുരയിലാണ് പ്രണിത്.

പ്രണിതുമായി ബന്ധപ്പെടാൻ: bachpanbanao@gmail.com

വെബ്സൈറ്റ്: https://bachpanbanao.com

സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യൂ:https://www.facebook.com/bachpanbanao



അമൽ സപ്നോ കി ശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം

Recent Posts

See All

Comments


bottom of page